"പാണ്ഡവ സൈന്യത്തിലുള്ളതാം വീരവിരാട, ദ്രുപദ, യുയുധാന വീരരെ-
ക്കണ്ടിട്ടു ചിന്തയുണ്ടാകുന്നതുണ്ടവര്‍ തുല്യരാണര്‍ജ്ജുന-ഭീമരോടൊക്കുമേ!" (മലയാളഗീത: അ.01 സ്ലോ:04)
ദുര്യോധനന്റെ ഉത്ഘണ്ഡാകുലമായ വാക്കുകള്‍ കേട്ട ദ്രോണാചാര്യര്‍ ചിന്തയില്‍നിന്നും ഞെട്ടിയുണര്‍ന്നു.
വീരവിരാടന്‍, ദ്രുപദന്‍, യുയുധാനന്‍ തുടങ്ങിയ മഹാരാജാക്കന്മാര്‍ ഭീമാര്‍ജ്ജുനന്മാര്‍ക്കൊപ്പം ശക്തിയുള്ളവരാണെന്ന് ദുര്യോധനന്‍ വ്യാകുലപ്പെടാന്‍ തുടങ്ങിയപ്പോള്‍, തപനന്റെ മകളായ തപതിയുടെ രക്തം സിരകളിലൂടെ ഒഴുകുന്ന ഭീമാര്‍ജ്ജുനന്മാരുടെ ശക്തിയില്‍ ദുര്യോധനന്റെ ചിത്തം തപിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് ദ്രോണാചാര്യാല്‍ തിരിച്ചറിഞ്ഞു.
പാണ്ഡവരും കുന്തിയും ബകവധത്തിനുശേഷം വ്യാസഭഗവാന്റെ നിര്‍ദ്ദേശാനുസരണം ഏകച്ചക്രയില്‍നിന്നും പഞ്ചാലദേശത്തേക്കുള്ള യാത്രാമദ്ധ്യേ, അംഗാരപര്‍ണ്ണം എന്ന വനത്തില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍, രാത്രിയുടെ ആരംഭത്തില്‍, സന്ധ്യ രക്തമാകുന്ന; മനുഷ്യര്‍ക്ക് യാത്ര നിഷേധിച്ചിരിക്കുന്ന; കാമചാരന്മാരായ 'യക്ഷ, രക്ഷോ,ഗന്ധര്‍വ്വന്മാര്‍ക്കവകാശപ്പെട്ട ആ എണ്‍പതുലവകാലത്ത്, ഗംഗാതീരത്തുവകച്ച് പാണ്ഡവരെ ആക്രമിക്കുവാന്‍ വന്ന കുബേരന്റെ സഖാവായ അംഗാരപര്‍ണ്ണനെന്ന (ചിത്രരഥന്‍ ) ഗന്ധര്‍വനെ, താന്‍ നല്‍കിയ ആഗ്നേയാസ്ത്രംകൊണ്ട് തോല്പ്പിച്ചവനാണല്ലോ, തന്റെ ശിഷ്യനായ അര്‍ജ്ജുനന്‍. അംഗാരപര്‍ണ്ണന്റെ ഭാര്യയായ 'കുംഭീനസി' തന്റെ ഭര്‍ത്താവിനെ കൊല്ലരുതെന്നപേക്ഷിച്ചപ്പോള്‍; 'പോരില്‍ തോറ്റ്, പേരുകെട്ട് സ്ത്രീകള്‍ കാക്കുന്ന വീര്യമില്ലാത്ത വൈരിയെ വീരന്മാര്‍ കൊല്ലുവാന്‍ പാടില്ല' എന്ന യുധിഷ്ഠിരന്റെ ധര്‍മ്മവിചാരത്തെ മാനിച്ചു്, അര്‍ജ്ജുനന്‍ അംഗാരപര്‍ണ്ണന് പ്രാണദാനം നല്കി.
അര്‍ജ്ജുനന്റെ അസ്ത്രാഗ്നിയാല്‍ തന്റെ 'ചിത്രരഥം' ദാഹിച്ച് താന്‍ 'ദഗ്ദ്ധരഥ'നായതുകൊണ്ട് ചിത്രരഥനെന്നുള്ള തന്റെ പേര് താന്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്നും, തനിക്ക് പ്രാണദാനം നല്കിയ യോഗ്യമഹാപുരുഷന് താന്‍ തപസ്സുചെയ്തുസമ്പാദിച്ച(മനുവില്‍നിന്നുസോമനും, സോമാനിനിന്നുവിശ്വാവസുവും, വിശ്വാവസുവില്‍നിന്ന് അംഗാരപര്‍ണ്ണനും)'ചാക്ഷുഷീ'മന്ത്രവിദ്യ ഉപദേശിച്ചുകൊടുക്കുകയും, ഒരിക്കലും ക്ഷീണിക്കാത്ത ആശ്വങ്ങളോടുകൂടിയ ദേവ-ഗന്ധര്‍വ്വവാഹനങ്ങള്‍ നൂറെണ്ണംവീതം ഓരോരുത്തര്‍ക്ക് നല്‍കുകയും ചെയ്തു.
'പകരം നല്‍കാതെ ഒന്നും താന്‍ സ്വീകരിക്കാറില്ല' എന്നുപറഞ്ഞ അര്‍ജ്ജുനന്‍, താന്‍ അര്‍ജ്ജുനനുനല്‍കിയ, ആ ഗന്ധര്‍വനെ കീഴടക്കുവാന്‍വേണ്ടി അര്‍ജ്ജുനന്‍ പ്രയോഗിച്ച അതെ ആഗ്നേയാസ്ത്രം തന്നെ അംഗാരപര്‍ണ്ണന് പകരമായി കൊടുത്തുവെങ്കിലും, അതിലും എത്രയോ ശ്രേയസ്ക്കരമായ, ദേവന്മാരെപ്പോലെ ആകാശസഞ്ചാരംപോലും നടത്തുവാന്‍ കഴിവുറ്റതായ ചാക്ഷുഷീവിദ്യഉള്‍പ്പടെ അനേകം കഴിവുകള്‍ ആര്‍ജ്ജിച്ച തന്റെ പ്രിയപ്പെട്ട ശിഷ്യനെയോര്‍ത്ത് ദുര്യോധനന്‍ വേവലാതിപ്പെടുന്നതുകണ്ടപ്പോള്‍ ദ്രോണാചാര്യര്‍ മനസ്സാലെ ഒന്ന് ഊറിച്ചിരിച്ചു.
അംഗാരപര്‍ണ്ണന്‍ ഗന്ധര്‍വലോകത്തിലേക്ക് തിരിച്ചുപോകുമ്പോള്‍ തന്റെ അരുമ ശിഷ്യനെ 'താപത്യന്‍' എന്നാണല്ലോ അഭിസംബോധനചെയ്തത്! പാണ്ഡവര്‍ 'തപതീപുത്രവംശവര്‍ദ്ധന'രായത് എപ്രകാരമെന്നു ദ്രോണാചാര്യര്‍ തെല്ലിട ഓര്‍ത്തുപോയി.
സൂര്യദേവനായ വിവസ്വാന്റെ മകളും, സാവിത്രിയുടെ ഇളയ സഹോദരിയുമാണ്, സദാചാരനിരതയും, സാധുശീലയും, അതിസുന്ദരിയുമായ 'തപതി'. തന്റെ മകള്‍ക്ക് അനുയോജ്യനായ ഒരു വരനെ സൂര്യന്‍ തിരഞ്ഞുനടക്കുന്നകാലത്ത്, ചന്ദ്രതേജസ്സും, സൂര്യകാന്തിയുമായി ശോഭിച്ചിരുന്ന സംവരണന്‍ (ഋഷകന്റെ പുത്രന്‍), അര്‍ക്കനെ തപസ്സുചെയ്യുകയും, സംവരണന്‍തന്നെയാണ് തന്റെ മകള്‍ക്ക് അനുയോജ്യനായ വരന്‍ എന്ന് വിവസ്വാന്‍ മനസ്സില്‍ ഉറയ്ക്കുകയും ചെയ്തു. ഒരിക്കല്‍ ഒറ്റയ്ക്ക് വനത്തില്‍ നായാട്ടിനുപോയ സംവരനന്റെ കുതിര പെട്ടെന്ന് ചത്തുപോവുകയും, അങ്ങിനെ സംവരണന്‍ ഒറ്റയ്ക്ക് കാടിലൂടെ സഞ്ചരിക്കുമ്പോള്‍ തിങ്കള്‍പോലെ ശോഭിക്കുന്ന തപതിയെക്കണ്ട് അനുരക്തനാവുകയും, ഗാന്ധര്‍വ്വവിധിപ്രകാരം തന്റെ ഭാര്യയാകണമെന്ന് തപതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്ത രാജാവിനോട് തപതി പറഞ്ഞു: "അല്ലയോ രാജാവേ; എന്നെ കണ്ടമാത്രയിത്തന്നെ അങ്ങയുടെ പ്രാണനെ ഞാന്‍ അപഹരിച്ചു എന്ന് അങ്ങ് പറഞ്ഞുവല്ലോ? അതേനിമിഷംതന്നെ അങ്ങ് എന്റെ പ്രാണനെയും അപഹരിച്ചിരിക്കുന്നു. ഞാന്‍ അങ്ങയില്‍ അനുരക്തയുമാണ്. പക്ഷെ, സൂര്യന്റെ പുത്രിയും, സാവിത്രിയുടെ സഹോദരിയുമായ ഞാന്‍ എന്റെ ഈ ദേഹത്തിന്റെ നായികയല്ല. എന്റെ ദേഹത്തെ ഭരിക്കുന്നത് എന്റെ അച്ഛനാണ്. നമസ്കാരം, തപസ്സു്, വ്രതം എന്നിവകൊണ്ട് അച്ഛനെ ഉപാസിച്ചു് അച്ഛനോട് എന്നെ യാചിക്കുക". ഇപ്രകാരം പറഞ്ഞശേഷം അവള്‍ അവിടെനിന്നും അപ്രത്യക്ഷയായി.
പിന്നീട് രാജാവിനെ തിരക്കി മന്ത്രിയും സൈന്യവും എത്തുകയും സംവരണന്‍ മന്തിയെ തന്റെ കൂടെ നിര്‍ത്തി സൈന്യത്തെ തിരിച്ചയച്ചതിനുശേഷം, ഒരു പര്‍വതത്തില്‍ കയറിനിന്ന്, കൈകള്‍ മുകളിലേക്കുയര്‍ത്തി, വസിഷ്ഠനെ പുരോഹിതനായി സ്മരിച്ചുകൊണ്ട് സൂര്യസേവ ആരംഭിച്ചു. തപസ്സിന്റെ പന്ത്രണ്ടാം ദിവസം വസിഷ്ഠന്‍ അവിടെ എത്തുകയും, ധര്‍മ്മജ്ഞനായമുനി രാജാവിന്റെ നന്മയ്ക്കായി അംബരത്തില്‍ചെന്ന് സൂര്യനോട് തപതിയെ സംവരണനുവേടി യാചിക്കുകയും, നേരത്തെതന്നെ സംവരണനില്‍ സംത്രുപ്തനായിരുന്ന വിവസ്വാന്‍ തന്റെ മകളായ തപതിയെ സംവരണനുകൊടുക്കുവാനായി വസിഷ്ഠനെ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ സംവരണന്‍ തപസ്സിനാല്‍ സൂര്യനെ സന്തോഷിപ്പിച്ചതുമൂലം വസിഷ്ഠന്റെ കൃപയാല്‍ തപതിയെ ഭാര്യയായി നേടുകയും, രാജ്യം മന്ത്രിയെ എല്പ്പിച്ഛശേഷം പന്ത്രണ്ടുവര്‍ഷം ആ കാട്ടില്‍തന്നെ തപതിയുമൊത്തുക്രീഡിച്ചു കഴിച്ചുകൂട്ടുകൂട്ടി. ഈ കാലമത്രയും രാജ്യത്ത് മഴ പെയ്യാതിരിക്കുകയും, അതിന്റെ കാരണം മനസിലാക്കിയ വസിഷ്ഠന്‍ സഭാര്യനായ സംവരണനെ രാജധാനിയിലേക്ക് തിരിച്ചുകൊണ്ടുവരുകയും, ഇന്ദ്രന്‍ രാജ്യത്ത് മഴ വര്‍ഷിപ്പിക്കുകയും, പിന്നീട് പന്ത്രണ്ടുവര്‍ഷം സംവരണന്‍ യജ്ഞങ്ങള്‍ചെയ്ത്, തപതിയോടുകൂടി രാജാവായി പ്രശോഭിക്കുകയും, ആ തപതിയില്‍ സംവരണാത്മജനായി, വിവസ്വാന്റെ പേരക്കിടാവായി 'കുരു' ജാതനായുകയും ചെയ്തു. ഇപ്രകാരം സൂര്യന്റെ ശോഭയോടുകൂടിയ താപത്യന്മാരായ പാണ്ഡവരെ തോല്പിക്കുവാന്‍ തന്റെ മുന്‍പില്‍നിന്നുവീമ്പിളക്കുന്ന ദുര്യോധനനു എപ്രകാരമാണ് സാധിക്കുക? ദ്രോണാചാര്യര്‍ ആശ്വസിച്ചു.
(തുടരും....)

0 comments:
Post a Comment