മലയാളഗീതയിലൂടെ ഒരു മഹാഭാരത യാത്ര – 08.
സുഗന്ധിയും സുന്ദരിയുമായ സത്യവതിയെന്ന മുക്കുവപ്പെണ്‍കൊടിയെ തന്റെ അച്ഛന്റെ ഭാര്യയാക്കുവാന്‍ വേണ്ടി ദേവവൃതനെന്ന ഗംഗാദത്തന്‍ ബ്രഹ്മച്ചര്യാവൃതം സ്വീകരിച്ചു ഭീഷ്മരായില്ലായിരുന്നുവെങ്കില്‍ കുരുവംശത്തില്‍ ഒരു കുരുടന്‍ രാജാവ് ആവുകയില്ലയിരുന്നു. പക്ഷെ, ‘ആപവ’ന്റെ ശാപം അസ്ഥാനത്താവുക അസംഭവ്യം തന്നെ. അങ്ങിനെ അഷ്ടവസുക്കള്‍ മനുഷ്യരായി പിറക്കുവാനുണ്ടായ കാരണം ദ്രോണര്‍ അനുസ്മരിച്ചു.
ബ്രഹ്മാവിന്റെ കൊച്ചുമകനായ കശ്യപന്റെ അന്‍പതുഭാര്യമാരില്‍ (ദക്ഷന്റെ മക്കള്‍) ഒരുവളായ അദിതിക്കുജനിച്ച പന്ത്രണ്ടു ആദിത്ത്യന്മാരില്‍ ഒരുവനായ വരുണന്റെ പുത്രനായ ‘വസിഷ്ഠന്‍’ എന്ന് പ്രസിദ്ധനായ ‘ആപവാന്‍’ എന്ന മുനിക്ക് മേരുശൈലത്തിന്റെ താഴ്വരയില്‍ ഒരു ആശ്രമമുണ്ടായിരുന്നു. എല്ലാ ഋതുക്കളിലും മനോഹരമായ പുഷ്പങ്ങള്‍ വിരിയാറുള്ള ആ ആശ്രമപരിസരത്ത് ദക്ഷന്റെ കൊച്ചുമകളായ നന്ദിനി എന്ന പശുക്കുട്ടിയും താമസിച്ചിരുന്നു. കശ്യപനില്‍നിന്ന് പശുക്കളെ പ്രസവിച്ച വിശ്രുതയായ ‘സുരഭി’യുടെ മകളാണ് നന്ദിനി. കാമിക്കുന്നതൊക്കെ കറന്നെടുക്കുവാന്‍ കഴിവുള്ള നന്ദിനി (കാമധേനു), വസിഷ്ഠന്റെ ഹോമധേനു ആയിരുന്നു. ഒരിക്കല്‍ ‘പൃധു’ മുതലായ അഷ്ടവസുക്കള്‍ സകുടുംബം ഒരു ഉല്ലാസയാത്രാമദ്ധ്യെ വസിഷ്ഠന്റെ ആശ്രമപ്രദേസത്ത് എത്തിയപ്പോള്‍, ലക്ഷണമൊത്ത നന്ദിനിയെ കണ്ടു കൌതുകം തോന്നിയ തന്റെ ഭാര്യയോട് ‘ദ്യോവ്’ എന്ന വസു പറഞ്ഞു; ”നീലലോചനയായ ഈ പശുവിന്റെ പാല്‍കുടിക്കുന്ന മനുഷ്യന്‍ യൌവനത്തോടുകൂടി പതിനായിരം വര്‍ഷം ജീവിക്കും”. ഇതുകേട്ട ദ്യോവിന്റെ ഭാര്യ മനുഷ്യലോകത്തുള്ള ‘ഉസിനര’ രാജാവിന്റെ മകളായ ‘ജിതവതി’എന്ന തന്റെ കൂട്ടുകാരിക്ക് സമ്മാനിക്കുവാനായി നന്ദിനിയെ കിടാവിനോടൊപ്പം പിടിച്ചുകൊടുക്കണമെന്നു ശഠിച്ചു. തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിനായി ധര്‍മ്മാധര്‍മ്മങ്ങളെ ചിന്തിക്കാതെ കാമാധേനുവിനെ അവര്‍ പിടിച്ചുകൊണ്ടുപോയി. വിവരം അറിഞ്ഞ വസിഷ്ഠന്‍, ‘അഷ്ടവസുക്കള്‍ എല്ലാവരും ഭൂമിയില്‍ മനുഷ്യരായി പിറക്കട്ടെ’ എന്ന് ശപിച്ചു. പിന്നീട് വസുക്കളുടെ അഭ്യര്‍ത്ഥനപ്രകാരം ‘ദ്യോവ്’ എന്ന വസു ഒഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ ശാപമോക്ഷം കിട്ടുമെന്നും, ആര്‍ക്കും മനുഷ്യ സന്താനങ്ങള്‍ ഉണ്ടാവുകയില്ലെന്നും, ഭാര്യാപ്രീണനത്തിനായി അധര്‍മ്മത്തെ ആച്ചരിച്ചവന്‍ മാത്രം അവിവാഹിതനും, ധര്‍മ്മിഷ്ടനുമായി അനേകകാലം മനുഷ്യനായി ഭൂമിയില്‍ ജീവിക്കുമെന്നും, അവന്‍ ശസ്ത്ര വിശാരദനും, അച്ഛന്റെ ഇഷ്ടം ചെയ്യുന്നവനും ആയി ഭാവിക്കട്ടെ’ എന്ന് ശാപമോക്ഷവും കൊടുത്തു.
ഇപ്രകാരം അഷ്ടവസുക്കള്‍ ശാപവും പേറിനടക്കുമ്പോള്‍ ആണല്ലോ, ‘ഭൂമിയില്‍ മനുഷ്യസ്ത്രീയായി പിറന്ന് ഭോഗസുഖങ്ങള്‍ അനുഭവിക്കുമാറാകട്ടെ’ എന്ന് ബ്രഹ്മാവിനാല്‍ ശപിക്കപ്പെട്ട ഗംഗാദേവിയെ കാണുന്നതും, ഒരു പരസ്പര സഹായം എന്ന നിലയില്‍ ജനിച്ച ഉടനെതന്നെ നദിയിലേക്കെറിഞ്ഞുകൊന്ന് അഷ്ടവസുക്കളില്‍ എഴുപേരെയും ഗംഗാദേവി ശാപമോചിതരാക്കുന്നതും, ദ്യോവ് എന്ന വസുവിന്റെ അംശാവതാരമായ ഭീഷ്മാചാര്യര്‍ , ഈ സംസാരദുഃഖം മുഴുവന്‍ ഒറ്റക്കനുഭവിക്കുവാന്‍വേണ്ടി അവശേഷിച്ചതും. സ്വച്ഛന്തമൃത്യുവായിരുന്നിട്ടുകൂടി തന്റെ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കാതെ, ദുഷ്ടനായ ദുര്യോധനന്റെ സേനാപതിയായിത്തീര്‍ന്ന ഭീഷ്മാചാര്യരുടെ ദുര്യോഗത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ എത്രയോ ഭാഗ്യവാന്‍.!
അധര്‍മ്മം ആചരിക്കുന്നത് ദേവന്മാരായിരുന്നാല്‍പോലും അവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെയാണല്ലോ ‘യമധര്‍മ്മ’നുപോലും ശൂദ്രയോനിയില്‍ ‘വിദുര’രായി ജനിച്ചു് അധര്‍മ്മികള്‍ക്കിടയിലൂടെ ധര്‍മ്മമുപദേശിച്ച് നടക്കേണ്ട ഗതികേട് സംഭവിച്ചതും. യമധര്‍മ്മദേവന്‍ ചെയ്ത തെറ്റ് എന്തായിരുന്നു?
സത്യസന്ധനും, ധര്‍മ്മജ്ഞനും, ബുദ്ധിമാനും, താപസനുമായ ‘മാണ്ഡവ്യന്‍’ എന്ന ബ്രാഹ്മണശ്രേഷ്ഠന്‍ കുട്ടിയായിരുന്നപ്പോള്‍ ചെറിയ തുമ്പികളെ പിടിച്ചു അതിന്റെ വാലില്‍ ഈഷികപ്പുല്ലുകള്‍ കോര്‍ത്തു കളിക്കുമായിരുന്നു. ആ കുറ്റത്തിന്റെ ശിക്ഷയായി യമധര്‍മ്മന്‍ അദ്ദേഹത്തിനുവിധിച്ച ശിക്ഷ ‘വര്‍ഷങ്ങളോളം ശൂലത്തില്‍ തറഞ്ഞുനില്‍ക്കുവാന്‍ ഇടയാകട്ടെ’ എന്നായിരുന്നു.
ഒരിക്കല്‍ തന്റെ ആശ്രമത്തിന്റെ മുറ്റത്തു നില്‍ക്കുന്ന മരച്ചുവട്ടിലിരുന്നു കൈകള്‍ മുകളിലേക്കുയര്‍ത്തി മൌനവൃതത്തോടെ മാണ്ഡവ്യന്‍ തപസ്സുചെയ്തുകൊണ്ടിരുന്നപ്പോള്‍ കുറെ കള്ളന്മാര്‍ തങ്ങളുടെ മോഷണദ്രവ്യങ്ങളെല്ലാം അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍ ഒളിപ്പിക്കുകയും, അത് കണ്ടുപിടിച്ച രാജഭടന്മാര്‍ അദ്ദേഹമായിരിക്കും മോഷ്ടാക്കളുടെതലവന്‍ എന്ന് തെറ്റിദ്ധരിച്ച് രാജകല്പന അനുസരിച്ചു് അതിന്റെ ശിക്ഷയെന്നോണം തപസ്സിലായിരുന്ന മാണ്ഡവ്യനെ ഒരു ശൂലത്തില്‍ കുത്തിനിര്‍ത്തിയിട്ടു് തിരിച്ചുപോയി. പക്ഷെ തപസ്സിലായിരുന്ന മുനി സംഗതികളൊന്നും അറിയാതെ ആ ശൂലത്തില്‍ കുത്തിനിന്നുകൊണ്ടുതന്നെ വളരെക്കാലം വീണ്ടും തപസ്സുചെയ്യുകയും, മറ്റാര്‍ക്കും സാധിക്കാത്ത പുണ്യലോകങ്ങള്‍ സമ്പാദിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷവും ശൂലത്തില്‍ കുത്തിനിന്ന മുനി മരിച്ചില്ല എന്ന വാര്‍ത്തയറിഞ്ഞ രാജാവ് സ്ഥലത്തെത്തി തന്റെ തെറ്റിന് മാപ്പ് അപേക്ഷിക്കുകയും, അദ്ദേഹത്തെ ശൂലത്തില്‍നിന്നും മോചിപ്പിക്കുവാന്‍
തീരുമാനിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ തറച്ചുകയറിയിരുന്ന ശൂലത്തിന്റെ മുന ഊരിയെടുക്കുവാന്‍ സാധിച്ചില്ല. തന്മൂലം ശേഷകാലം അദ്ദേഹം തന്റെ ശരീരത്തിനുള്ളില്‍ തറച്ചിരിക്കുന്ന ശൂലത്തിന്റെ മുനയോടുകൂടി സഞ്ചരിക്കുകയും തന്മൂലം ‘അണിമാണ്ഡവ്യന്‍’ എന്ന പേരില്‍ പ്രസിദ്ധനായിത്തീരുകയും ചെയ്തു.
പക്ഷെ മരണാനന്തരം തന്റെ ഈ ഗതികേടിനു കാരണം കുട്ടിയായിരുന്നപ്പോള്‍ താന്‍ അനുഷ്ടിച്ച അപരാധത്തിന്റെ ഫലമാണെന്നു യമധര്‍മ്മനില്‍നിന്നും തിരിച്ചറിഞ്ഞപ്പോള്‍ അണിമാണ്ഡവ്യന്‍ കുപിതനാവുകയും, അന്നുമുതല്‍ ലോകത്തിന്റെ ധര്‍മ്മപാലനത്തിനായി ‘ജനനംമുതല്‍ പതിനാലുവയസ്സുവരെ ബാലന്മാര്‍ക്ക് ധര്‍മ്മബോധം ഉണ്ടായിരിക്കുകയില്ല എന്നതുകൊണ്ട്, ബാലന്മാര്‍ പതിനലുവയസ്സുവരെ ചെയ്യുന്ന ഒരു പ്രവൃത്തിയും പാപത്തിനുകാരണമാവുകയില്ല’ എന്ന മര്യാദ വയ്ക്കുകയും, താന്‍ ബാലനായിരുന്നപ്പോള്‍ ചെയ്ത അല്പകുറ്റത്തിന് അധികശിക്ഷ നല്‍കിയ യമധര്‍മ്മനെ ‘ശൂദ്രയോനിയില്‍ മനുഷ്യനായി പിറക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു. അങ്ങിനെ സാക്ഷാല്‍ യമാധര്‍മ്മനിതാ; വിദുരരുടെരൂപത്തില്‍ ധര്‍മ്മപരിപാലനത്തിനായി മനുഷ്യനായി പിറന്നു അധര്‍മ്മികള്‍ക്കിടയിലൂടെ നട്ടംതിരിയുന്നു. അത്രയും ധര്‍മ്മസങ്കടം തനിക്ക് അനുഭവിക്കേണ്ടിവരുന്നില്ലല്ലോ എന്നോര്‍ത്ത് ദ്രോണര്‍ ആശ്വസിച്ചു.
തുടരും.
